Cart

No products in the cart.

  • Home
  • Introduce
  • ,
  • Music

പ്രണയത്തിൻ്റെ ശബ്ദത്തിന് മുറിവേൽക്കുമ്പോൾ

Pankaj-Udhas

 

Shabeer-Rarangoth

ഷബീർ രാരങ്ങോത്ത്


തൊണ്ണൂറുകളിലെ മലയാളികൾക്ക് പ്രണയത്തിന്റെ പശ്ചാത്തലമൊരുക്കിയത് പങ്കജ് ഉധാസിന്റെ ശബ്ദമായിരുന്നു. മനസിനെ പ്രണയാതുരമായി തഴുകുന്നു എന്നതിനാൽ തന്നെ ആ ശബ്ദം പ്രണയം പേറുന്ന മനസുകൾക്ക് സുഖമുള്ള നോവായിരുന്നു.

ഹൽകി ഹൽകി സി ബാരിശ് ഹൊ 
നർമ്‌ ഹവാ കെ ഝോങ്കെ ഹൊ 
നിഖ്‌രെ നിഖ്‌രെ സെ താസാ ദം 
ഹരിയാലി കെ ചെഹ്‌രെ ഹൊ 
കാശ് കഭി ഐസാ ഹൊ ജായെ

പങ്കജ് ഉധാസിന്റെ ശബ്ദത്തിൽ ഈ ഗീത് കേൾക്കുമ്പോഴൊക്കെ മറ്റെല്ലാം മറന്നു നിന്നു പോയിട്ടുണ്ട്. വരികളിൽ വിരിച്ച ആ നൈർമല്യതയുടെ പുതപ്പ് ഉധസിന്റെ ശബ്ദത്തിന്റെ രൂപത്തിൽ ഹൃദയത്തെ പുതയുന്ന പ്രത്യേകമായ അനുഭൂതി അപ്പോഴൊക്കെ അനുഭവിച്ചിട്ടുണ്ട്.

സാധാരണ മലയാളിയുടെ ആദ്യത്തെ ഗസൽ അനുഭവം പങ്കജ് ഉധാസിൽ നിന്നായിരിക്കുമെന്നാണ്‌ തോന്നുന്നത്. ശ്രുതിമധുരമായ അലിവുള്ള ശബ്ദം തന്നെയായിരുന്നു പങ്കജിലേക്ക് സാധാരണ ഗാനാസ്വാദകനെ അടുപ്പിച്ചു നിർത്തിയിരുന്നത്. പാട്ടും സംഗീതവും ഹൃദയത്തോട് സംവദിക്കണം എന്ന നിർബന്ധം കൊണ്ടു തന്നെയായിരിക്കണം തന്റെ ഗായകിയിൽ കസർത്തു നടത്താനോ തന്റെ ആലാപന സിദ്ധി പ്രകടിപ്പിച്ചു ഷൈൻ ചെയ്യാനോ അദ്ദേഹം മുതിരാതിരുന്നത്. ഈ മൃദുത്വമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ലളിതമായ എന്നാൽ ഹൃദയത്തെ തലോടുന്ന ഈണം കൊണ്ടും ശബ്ദം കൊണ്ടും അദ്ദേഹം ആസ്വാദക ഹൃദയത്തിൽ ചേക്കേറുകയായിരുന്നു.

‘ചിട്ടി ആയി ഹെ’


 

‘ചിട്ടി ആയി ഹെ’ എന്ന നസം(nazm) വരികൾ ഡിമാൻഡ് ചെയ്ത തീവ്രതയോടെ പങ്കജ് ആലപിച്ചപ്പോൾ കത്തുപാട്ടുകൾ മലയാളി പ്രവാസികളിൽ പരിവർത്തനമുണ്ടാക്കിയതുപോലൊരു പരിവർത്തനമാണ്‌ ഹിന്ദി ഉർദു ബെല്‍റ്റുകളിൽ ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ ദേശ ഭാഷാതിർത്തികൾ ഭേദിച്ച് ആ കത്ത് ഒഴുകിപ്പറക്കുകയായിരുന്നു. മലയാളികൾ ഏറെയും ഈ നസം ആയിരിക്കണം ‘പങ്കജ് ഉധാസിന്റെ ഗസൽ’ എന്ന പേരിൽ ആദ്യം കേട്ടിട്ടുണ്ടാവുക. എന്നാൽ അദ്ദേഹം തന്റെ അവതരണങ്ങളിൽ എല്ലായിടത്തും ഇതൊരു നസം ആണെന്ന് പറയാൻ ശ്രമിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്‌.

മുംതാസ് റാഷിദിന്റെ ‘നിക്‌ലോ നാ ബേനഖാബ്’ എന്ന ഗസലാണ്‌ പങ്കജിലൂടെ മലയാളി ഏറെ കേട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള മറ്റൊന്ന്. സാജൻ സിനിമയിലെ ‘ജിയേ തൊ ജിയേ കൈസെ’, ‘ദീവാരോ സെ മില്കർ രോനാ’, ‘എക് തരഫ് ഉസ്കാ ഘർ’, ‘ജിസ് ദിൻ സെ ജുദാ വൊ ഹം സെ ഹുവേ’, ‘ചാന്ദി ജൈസാ രംഗ്’, ‘നാ ഖജ്‌രെ കി ധാർ’, ‘സബ് കൊ മാലൂം ഹെ’ തുടങ്ങി മലയാളി നെഞ്ചേറ്റിയ പങ്കജ് ഉധാസ് ഹിറ്റുകൾ അനവധിയാണ്‌.

ഒരു എലിറ്റ് വൃത്തത്തിൽ ഒതുങ്ങിയിരുന്ന ഗസൽ ഗായകിയെ സാധാരണക്കാരന്‌ പരിചയപ്പെടുത്തുന്നത് പങ്കജ് ഉധാസ് ആണ്‌

‘ജിയേ തൊ ജിയേ കൈസെ’


1980 ൽ ‘ആഹത്’ എന്ന ആല്ബത്തോടെയാണ്‌ അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ‘മുകറർ’, ‘തരന്നം’, ‘മെഹ്ഫിൽ’ എന്നീ ആല്ബങ്ങൾ പുറത്തിറക്കി. ‘നാം’ എന്ന സിനിമയിൽ (ചിട്ടി ആയി ഹെ) ആലപിച്ചതോടെയാണ്‌ അദ്ദേഹത്തിന്റെ കരിയർ പച്ച പിടിച്ചത്. പിന്നീട് ഗസൽ ഗായകിയിൽ അദ്ദേഹം ജനപ്രിയനായി.

ഒരു എലിറ്റ് വൃത്തത്തിൽ ഒതുങ്ങിയിരുന്ന ഗസൽ ഗായകിയെ സാധാരണക്കാരന്‌ പരിചയപ്പെടുത്തുന്നത് പങ്കജ് ഉധാസ് ആണ്‌ എന്നു പറയുന്നതിൽ തെറ്റില്ലെന്നാണ്‌ കരുതുന്നത്. ബേഗം അക്തറിന്റെ ആലാപന ചാതുരിയിൽ ആകൃഷ്ടനായാണ്‌ ഗസൽ ഗായകിയെ പുണരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവർ ഓരോ വാക്കുകൾക്കും നല്കുന്ന ഭാവം തന്നെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. ആ സ്വാധീനം തന്നെയാവണം വരികളെ ഭാവാത്മകമായി സമീപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

നമ്മൾ എത്ര ഓടിയൊളിച്ചാലും വിധി ഒരു ശരം കണക്ക് നമ്മെ തേടി വരും എന്നത് അദ്ദേഹത്തെ സംബന്ധിച്ച് അച്ചെട്ടാണ്‌. 1976 ൽ ‘കാംന’ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം പാടുന്നുണ്ട്. എന്നാൽ പാട്ടു​‍കൊണ്ട് ജീവിതം നേടാനാവില്ലെന്നു പറഞ്ഞ് സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം കാനഡയിലേക്കു പോകുന്നുണ്ട്. ജോലി ചെയ്യണോ ബിസിനസു വേണോ എന്ന ശങ്കയിൽ രണ്ടും ചെയ്യാതെ പാട്ടുപാടി നടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ജോലിക്കു വേണ്ടി നാടുവിട്ട അദ്ദേഹം പാട്ട് ഉപജീവനമായി സ്വീകരിച്ചു മടങ്ങുകയായിരുന്നു. പിന്നീട് ഗായകിയുടെ ലോകത്ത് അദ്ദേഹം സ്വയമൊരു കൊട്ടാരം കെട്ടി സുൽത്താനായി വാണു.

‘ഈ നിലാവിൽ പെയ്ത മഴയിൽ’


മലയാളത്തിലും അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരു ഗസൽ പിറന്നിട്ടുള്ള കാര്യം അധികമാർക്കുമറിയില്ല. റഫീഖ് അഹമ്മദ് രചിച്ച ‘ഈ നിലാവിൽ പെയ്ത മഴയിൽ’ എന്നു തുടങ്ങുന്ന, മക്ത മാത്രം വിട്ടുനില്ക്കുന്ന ഒരു ഗസൽ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ജിതേഷ് സുന്ദരത്തിന്റെ സംഗീതത്തിലായിരുന്നു അത് പിറന്നത്. ഭാഷാ വഴക്കമില്ലായ്മ അദ്ദേഹത്തിന്റെ ആലാപനത്തിൽ പ്രകടമായിരുന്നു. അതുകൊണ്ടൊക്കെയാവാം ആ ഗസൽ ശ്രദ്ധിക്കപ്പെടാതെ പോയത്.

ഒരുപിടി നല്ല പാട്ടുകൾ ബാക്കിയാക്കിയാണ്‌ അദ്ദേഹത്തിന്റെ പടിയിറക്കം. തന്റെ വേർപാടിന്റെ വേദനയിൽ ആണ്ടു നില്ക്കുന്നവരോട് ‘ദീവാരോ സെ മില്കർ രോനാ അച്ചാ ലഗ്താ ഹെ’ എന്നു പറഞ്ഞാണ്‌ മടങ്ങുന്നത്. പ്രണയത്തിനു ദൂതുപോയ ശബ്ദമാണ്‌ മുറിപ്പെട്ടിരിക്കുന്നത്. ഹൃദയത്തെ അലിയിക്കുന്ന സംഗീതത്തെ നെഞ്ചോടു ചേർക്കുക എന്നതല്ലാതെ മറ്റു വഴികളില്ല. ആ മഴ നനയാം. മറ്റൊന്നും നമുക്കു ചെയ്യാനില്ലല്ലോ…

വിട, പ്രണയത്തിന്റെ ശബ്ദമേ…

 


എഴുത്തുകാരനും ശബാബ് വാരികയുടെ സബ് എഡിറ്ററുമാണ് ലേഖകന്‍. ഗസല്‍ ഗാനശാഖയെ കുറിച്ച് ഗവേഷണം ചെയ്യുന്നുണ്ട്. ‘ഗസല്‍: പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം’ എന്ന കൃതി രചിച്ചിട്ടുണ്ട്.


 

Leave a Reply

Your email address will not be published. Required fields are marked *