Cart

No products in the cart.

Randamoozham

എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നിൽ. 1985 ലെ വയലാർ അവാർഡ് നേടിയ നോവലാണ് രണ്ടാമൂഴം.

മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു.

മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണാൻ കഥാകാരൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകൻ. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തിൽ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തിൽ കർണ്ണനെ വധിക്കാൻ കിട്ടിയ അവസരത്തിൽ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്. പണ്ടൊരിക്കൽ കുന്തി ദേവിയെ കാണാൻ ചെന്ന വിശോകൻ കർണ്ണനോട് അവൻ തന്റെ മകനാണ് , മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകൻ കേട്ടു. കഥാതന്തുവിൽ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സിൽ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു.

1977 നവംബറിൽ മരണം വളരെ സമീപത്തെത്തി പിന്മാറിയ സമയം അവശേഷിച്ച കാലം കൊണ്ട് എങ്ങനെയെങ്കിലും എഴുതിതീർക്കണമെന്ന് ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *