പി.എസ്. ഉണ്ണികൃഷ്ണന്‍
നഷ്ടപ്പെടുമെന്നുള്ള ആന്തലാണ് പല മനുഷ്യരെയും ചിലപ്പോഴൊക്കെ മൃഗസമാനരാക്കുന്നത്. വിത്ത് മരത്തിനെ തിരിച്ചുവിളിക്കുന്ന അവസ്ഥപോലെ ഭ്രാന്തെടുപ്പിക്കും അത്. നടന്നതും നാട്ടിയതുമൊക്കെ കൈവിട്ട്, നേടിയതും നേര്‍പ്പിച്ച് സൂക്ഷിച്ചതുമൊക്കെ ഉപേക്ഷിച്ച്, നിമിഷങ്ങള്‍ ചേര്‍ത്തുതുന്നി സ്വരുക്കൂട്ടിയ കൊടുമുടിയുടെ ഉച്ചിയില്‍ നിന്നും പിന്നിലേക്ക് ഒരു തലകുത്തി വീഴല്‍ ആരിലാണ് ആന്തലുണ്ടാകാത്തത്, പ്രണയത്തിലായാലും ജീവിതത്തിലായാലും.
അസീം താന്നിമൂടിന്റെ കവിത ഒറ്റനോട്ടത്തില്‍ സൂഷ്മമെന്ന് തോന്നിപ്പിക്കുന്ന ഒരമ്പാണ്. തൊട്ടുതൊട്ടത് അനേകതല സ്പര്‍ശിയാകുന്നു. വിത്തിനെക്കുറിച്ച് പറയുമ്പോള്‍ വിണ്ടലമാകെ അതില്‍ നിറയുന്നു. അകം നിറയ്ക്കുന്ന ചാറലാണ് അക്കവിതകളടിമുടി. പുഴകളെ പിഴുതെടുത്ത് ഭുജങ്ങളായ് തിരുകി വച്ച് അസീം എഴുതാനിരിക്കുന്നതു കൊണ്ടാകണം വാക്കുകളുടെ ഈ കുത്തൊലിപ്പ്. വായനക്കാരന്റെ നാഡീ ഞരമ്പുകള്‍ക്കിടയിലൂടെ നാരുനാരായ് പെയ്യുന്ന മഴപോല്‍ തണുത്ത സ്പര്‍ശം അവ സമ്മാനിച്ചുകൊണ്ടേയിരിക്കുന്നു.
നഷ്ടപ്പെടുമെന്നുള്ള ആന്തലാണ് പല മനുഷ്യരെയും ചിലപ്പോഴൊക്കെ മൃഗസമാനരാക്കുന്നത്. വിത്ത് മരത്തിനെ തിരിച്ചുവിളിക്കുന്ന അവസ്ഥപോലെ ഭ്രാന്തെടുപ്പിക്കും അത്. നടന്നതും നാട്ടിയതുമൊക്കെ കൈവിട്ട്, നേടിയതും നേര്‍പ്പിച്ച് സൂക്ഷിച്ചതുമൊക്കെ ഉപേക്ഷിച്ച്, നിമിഷങ്ങള്‍ ചേര്‍ത്തുതുന്നി സ്വരുക്കൂട്ടിയ കൊടുമുടിയുടെ ഉച്ചിയില്‍ നിന്നും പിന്നിലേക്ക് ഒരു തലകുത്തി വീഴല്‍ ആരിലാണ് ആന്തലുണ്ടാകാത്തത്, പ്രണയത്തിലായാലും ജീവിതത്തിലായാലും. ഭൂമി സൂര്യനിലേക്ക് തിരിച്ചു ചേരും പോലെ അസഹ്യമായ ആലോചനയാണ് മരത്തിനെ തിരിച്ച് വിളിക്കുന്ന വിത്തെന്ന കവിത തരുന്നത്.
വില്‍പ്പനയ്ക്ക് വെച്ച പലവിധ ഫോബിയോകള്‍ വിറ്റുപോകാത്ത നാട്ടുചന്തയാണ് ഓരോ മനുഷ്യരും. പട്ടിയോടും പൂച്ചയോടുമുള്ള ഭയം മുതല്‍ കമ്പ്യൂട്ടറിനോടും പുസ്തകത്തിനോടും സൗന്ദര്യത്തോടുമുള്ള ഭയംവരെ നിരവധിയാണ് ഫോബിയകള്‍. സ്റ്റെപ്പ് കയറുമ്പോള്‍ എപ്പോഴും ഒരു പടവ് അധികമുണ്ടെന്ന യുക്തിരഹിതമായ ഭയമാണ് അധികപ്പേടി എന്ന കവിതയ്ക്ക് ആധാരം. മയന്‍ നിര്‍മ്മിച്ച കൊട്ടാരത്തില്‍ വഴുതിവീണ ദുര്യോധനന്റെ ഭ്രമം പോലെ ആ ഭയം ഓരോ ചുവടിലും നമ്മെ നിലം പതിപ്പിക്കുന്നു. വഴുക്കലോടൊപ്പം ചേരുന്ന ഈ അധികപ്പേടി തന്നെയല്ലേ ആത്മവിശ്വാസക്കുറവായ് നമ്മെ പിന്നിലേയ്ക്ക് പിടിച്ചു വയ്ക്കുന്നത്.
കുഞ്ഞു നിലാവിന് അമ്മിഞ്ഞ നല്‍കാന്‍ കൊതിക്കുന്ന, കുഞ്ഞു സ്വപ്നങ്ങള്‍ ചേര്‍ത്തുകെട്ടി ജീവിക്കുന്ന മണിച്ചിയുടെ വീട്ടിലെത്തുന്ന വെളിച്ചം അധിനിവേശം തന്നെയെങ്കിലും സ്വിച്ചിട്ട് നിയന്ത്രിക്കാനാകുന്നു എന്നതുതന്നെയാണ് ആ കവിത നല്‍കുന്ന ആശ്വാസം. ഓരോ തുള്ളിയുടെ ഉള്ളിലും ആഗ്രഹത്തിന്റെ ജലമരം തഴച്ചുവളരുന്നു എന്ന് ഓര്‍മിപ്പിക്കുന്നു ജലമരമെന്ന കവിത. കിണറിനുള്ളിലെ ഇരുണ്ട വൃത്തത്തില്‍ നിറഞ്ഞ അപാരതയ്ക്ക് അഴകു നെയ്യുന്ന ജലതുടിപ്പിന്റെ അനുഭവം പറയുന്ന കവിത വായിച്ചു തന്നെ നിറയണം.
വ്യത്യസ്തങ്ങളായ അറുപത്തിയഞ്ച് കവിതകളുടെ
അരുമയായ സമാഹാരം,
മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്.
അസീം താന്നിമൂട് .
ഡി.സി.ബുക്‌സ്.
ടെലഗ്രാം, വാട്സാപ്പ്, സിഗ്നല്‍ എന്നിവയിലൂടേയും വയലാറ്റയെ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യുക