Cart

No products in the cart.

  • Home
  • Book News
  • ,
  • Top Posts

ആര്‍.എസ്. ശര്‍മ്മയുടെ ‘വര്‍ഗ്ഗീയചരിത്രവും രാമന്റെ അയോധ്യയും’ ഫെബ്രുവരി 5 മുതല്‍ വിപണിയില്‍…

ആര്‍.എസ്. ശര്‍മ്മയുടെ ‘വര്‍ഗ്ഗീയചരിത്രവും രാമന്റെ അയോധ്യയും’ ഫെബ്രുവരി 5 മുതല്‍ വിപണിയില്‍…

പ്രശസ്ത ചരിത്രകാരനും അദ്ധ്യാപകനും പൂര്‍വ്വ-മധ്യകാല, പ്രാചീന ചരിത്രരചനകളില്‍ വ്യക്തിമുദ്രപതിപ്പിക്കുകയും ചെയ്ത ആര്‍.എസ്. ശര്‍മ്മയുടെ കൃതി, ‘വര്‍ഗ്ഗീയചരിത്രവും രാമന്റെ അയോധ്യയും’ ഫെബ്രുവരി 5 മുതല്‍ വിപണിയിലെത്തുന്നു. ബാബരി മസ്ജിതിന്റെ തകര്‍ക്കലിന്റെ പശ്ചാത്തലത്തില്‍ ചരിത്രരചനയില്‍ ഹിന്ദുത്വവര്‍ഗ്ഗീയത പിടിമുറുക്കിയതിനെ ഇഴപിരിച്ച പരിശോധിക്കുകയാണ് ഈ കൃതിയില്‍ ശര്‍മ്മ നിര്‍വ്വഹിക്കുന്നത്. ചരിത്രം പുരാവസ്തുശാസ്ത്രം എന്നിവയുടെ പിന്‍ബലത്തില്‍ വര്‍ഗ്ഗീയവാദികളുടെ വാദഗതികളെ ഈ കൃതിയില്‍ തുറന്നുകാണിക്കുകയും പൊളിച്ചടുക്കുകയും ചെയ്യുന്നുണ്ട്. ബീജ വി.സി.യാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

കൃതിയുടെ ആമുഖവിവരണം നടത്തിയിരിക്കുന്നത് സാമൂഹ്യപ്രവര്‍ത്തകനും അദ്ധ്യാപകനും ഇടതുപക്ഷ സാസ്‌കാരികപ്രവര്‍ത്തകനുമായ കെ.ഇ.എന്നാണ്. ”വിശ്വാസത്തെ നിയമമായി ശഠിക്കുന്ന വിധികളും ദേശീയതയെ മതമാക്കി മാറ്റുന്ന വംശീയതയും പൗരത്വത്തെ ന്യൂനപക്ഷ വിരുദ്ധതയായി ചുരുക്കുന്ന രാഷ്ട്രീയനിലപാടുകളും മാംസാഹാരം രൗദ്രസ്വഭാവത്തിന് കാരണമാവുന്നുവെന്ന പുതിയ കണ്ടുപിടുത്തങ്ങളും പശു സര്‍വ്വ രോഗസംഹാരിയായ ഒരത്ഭുത ജന്തുവാണെന്ന പ്രകീര്‍ത്തനങ്ങളും സംസ്‌കൃതമാണ് ദേശീയഭാഷയാവേണ്ടതെന്ന കണ്ടെത്തലും അധികാര വിമര്‍ശകരെയാകെ ദേശദ്രോഹികളാക്കിയുള്ള ചാപ്പകുത്തലും കുറച്ചുകൂടി മുന്നേറിയാല്‍ ഉറപ്പ്, നമ്മുടെ മതനിരപേക്ഷ ജീവിതം പൊളിയും. അതിനെ പ്രതിരോധിക്കാനുള്ള ധീരമായ ശ്രമമാണ് ആര്‍.എസ്. ശര്‍മ്മയുടെ ‘വര്‍ഗ്ഗീയചരിത്രവും രാമന്റെ അയോധ്യയും’ എന്ന നമ്മുടെ കാലത്ത് ഏറെ പ്രസക്തമായ ഈയൊരു ലഘുഗ്രന്ഥ”മെന്ന് ആമുഖത്തില്‍ കെ.ഇ.എന്‍ വ്യക്തമാക്കുന്നു.

സങ്കുചിതദേശീയവാദചരിത്രരചനയും കൊളോണിയല്‍ ചരിത്രരചനയും എങ്ങനെയാണ് വര്‍ഗ്ഗീയ ചരിത്രരചനയിലേയ്ക്ക് എത്തിച്ചേരുന്നവിധം വികസിച്ചത് എന്ന് വിശദീകരിച്ചുകൊണ്ട് തുടങ്ങുന്ന പുസ്തകം ബാബരിയുടെ മേലുള്ള ഹുന്ദുത്വവാദികളുടെ വാദങ്ങളെ സൂക്ഷ്മാര്‍ത്ഥത്തില്‍ പരിശോധനക്ക് വിധേയമാക്കുന്നു.

അദ്ധ്യാപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ഡോ. കെ.എസ്. മാധവനാണ് ഗ്രന്ഥത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തില്‍ അത്ര പരിചപ്പെടുത്തലുകള്‍ നടന്നിട്ടില്ലാത്ത ആര്‍.എസ്. ശര്‍മ്മയെ അനുസ്മരിച്ചുകൊണ്ടും ഗ്രന്ഥത്തിന്റെ ആവശ്യകതയിലൂന്നിക്കൊണ്ടും വിമര്‍ശനാത്മകമായ കുറിപ്പാണ് ഡോ. കെ.എസ്. മാധവന്‍ എഴുതിയിട്ടുള്ളത്. ” ‘പ്രാചീന – മധ്യകാല ഇന്ത്യയുടെ ഭൗതികസംസ്‌കൃതിയെ (material culture)പഠിക്കുന്നതിന് തെളിവ് രൂപങ്ങള്‍ കണ്ടെടുക്കുകയും അവയെ ഭൗതികവാദ സമീപനം മുന്‍നിര്‍ത്തി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ പുതിയ സമീപനം ഉണ്ടാക്കിയ ചരിത്രകാരനാണ് ആര്‍.എസ്. ശര്‍മ്മ. ഭൗതികവാദ ചരിത്ര സമീപനം മുന്‍നിര്‍ത്തി ഇന്ത്യന്‍ ചരിത്രരചനാശാസ്ത്രരംഗത്ത് ഒരു വൈജ്ഞാനിക കുടമാറ്റമാണ് (ആ) ശര്‍മ്മ ഉണ്ടാക്കിയത്.” എന്ന് അദ്ദേഹം ശര്‍മ്മയെ വിലയിരുത്തുന്നു.

104 പേജുകളുള്ള പുസ്തകം വയലാറ്റ ബുക്‌സ് ആണ് പുറത്തിറക്കുന്നത്.

 


ടെലഗ്രാംവാട്സാപ്പ്സിഗ്നല്‍ എന്നിവയിലൂടേയും വയലാറ്റയെ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യുക


 

Leave a Reply

Your email address will not be published. Required fields are marked *